തിരുവനന്തപുരം: നിശ്ചിത തീയതിക്കകം ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവരെ മാത്രം പരീക്ഷ എഴുതിച്ചാല്‍ മതിയെന്ന നിര്‍ദേശം പി.എസ്.സി യോഗം തത്ത്വത്തില്‍ അംഗീകരിച്ചു. ഇവര്‍ക്കു വേണ്ടി മാത്രമേ കമീഷന്‍ പരീക്ഷാ സൗകര്യങ്ങള്‍ ഒരുക്കുകയുള്ളൂ. ഇതിന്‍െറ പ്രായോഗിക വശങ്ങള്‍ കൂടി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ മൂന്ന് മെംബര്‍മാരടങ്ങുന്ന ഉപസമിതിക്ക് രൂപം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. നിലവില്‍ അപേക്ഷിക്കുന്ന മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും കമീഷന്‍ പരീക്ഷാസൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.
ഇവര്‍ക്ക് വേണ്ടിയും പരീക്ഷാ ഹാള്‍ സൗകര്യം, ചോദ്യം അച്ചടി, ഇന്‍വിജിലേറ്റര്‍മാര്‍, പി.എസ്.സി ഉദ്യോഗസ്ഥര്‍, വാഹനങ്ങള്‍ എന്നിവ കമീഷന്‍ ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, ഹാള്‍ടിക്കറ്റ് നിശ്ചിത സമയത്തിനകം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ കണക്ക് ശേഖരിച്ച് പരീക്ഷ എഴുതുന്നവരുടെ എണ്ണം ലഭ്യമാക്കാനാണ് കമീഷന്‍െറ ശ്രമം. ഇതുവഴി പാഴ്ചെലവ് ഒഴിവാക്കാനാകുമെന്നും കമീഷന്‍ കരുതുന്നു. ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റ് നഷ്ടപ്പെടുന്നവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാനാകും എന്നതടക്കമുള്ള പ്രശ്നങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. 38 തസ്തികകളിലേക്ക് നിയമനത്തിനായി വിജ്ഞാപനം ഇറക്കാനും കമീഷന്‍ തീരുമാനിച്ചു. പി.എസ്.സി പരസ്യം എല്ലാ പത്രങ്ങളിലും നല്‍കുന്നതിന് നടപടിയെടുക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ആദിവാസി കേന്ദ്രങ്ങളില്‍നിന്ന് ആദിവാസികളായ 100 പേരെ പൊലീസിലും 100 പേരെ എക്സൈസ് വകുപ്പിലും എടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം യോഗം അംഗീകരിച്ചു.
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് (സ്പെഷല്‍ റിക്രൂട്ട്മെന്‍റ് ) തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ പരീക്ഷ നടത്തും. വിവിധ വകുപ്പുകളിലെ എല്‍.ഡി ക്ളര്‍ക്ക് (സ്പെഷല്‍ റിക്രൂട്ട്മെന്‍റ്) തസ്തികയിലേക്ക് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പരീക്ഷ നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.